India

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്.


കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും
ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.

225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുന്നുണ്ട്. ഗുരുഗ്രാമില്‍നിന്ന് ആരംഭിക്കുന്ന ഈ പാത ജയ്പുര്‍ റിങ് റോഡിലാണ് അവസാനിക്കുക.

മുംബൈ-പുണെ എക്സ്പ്രസ് വേ പോലെ കോണ്‍ക്രീറ്റിലായിരിക്കും നിര്‍മാണം. നിലവില്‍ ഡല്‍ഹിയില്‍നിന്ന് ജയ്പുരിലെത്താന്‍ ആറുമണിക്കൂര്‍ സമയം വേണം. ഇത് രണ്ടുമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിലെ കൂടിയവേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. പുതിയ പാതയില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ കഴിയും.

വഡോദര മുതല്‍ മുംബൈ സൂപ്പര്‍ എക്സ്പ്രസ് വേ നിര്‍മാണത്തിന് 44,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പാത വരുന്നതോടെ വഡോദരയില്‍നിന്ന് മുംബൈയ്ക്കുള്ള യാത്രാസമയം മൂന്നുമണിക്കൂറായി കുറയും.